കുമളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിഹിതത്തിൽ ഒരു തരത്തിലുള്ള കുറവും വരുത്തില്ലെന്ന് കേരള ഗ്രാമപഞ്ചായത്ത് പ്രസിഡൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ അക്കര. അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം തേക്കടി ബാബുഗ്രോ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടായിട്ടുള്ള തടസങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ കൃത്യസമയത്ത് ലഭ്യമാക്കുമെന്നും ഭരണപരമായ പ്രതിസന്ധികൾ പൂർണമായും പരിഹരിച്ച് സുതാര്യമായ പ്രവർത്തനാന്തരീക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റും കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എം.എം. വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എംഎൽഎമാരായ റോയി കെ. പൗലോസ്, അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക്ക് തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കോൺഗ്രസ് നേതാക്കളായ ശാന്തി ഹരിദാസ്, തോമസ് കക്കുഴി, സാജു ജോസഫ്, ജോർജ് തോമസ്, പഞ്ചയത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.